KSTA THODANNUR

K E R A L A    S C H O O L    T E A C H E R S     A S S O C I A T I O N

C    R    E    A    T    I    O   N   S

 

കവിത
നീലിമയോട്
രചന പവിത്രൻ തീക്കുനി   ആലാപനം പി കെ കൃഷ്ണദാസ്

arjun aroor 9633031686
sachin aroor 9633132439 (ear&june)
-9:00

 'പിൻബെഞ്ചുകൾ ചരിത്രം
 തിരുത്തുക തന്നെ ചെയ്യും'

സോണിയ ഇ പ

"ഓടു മേഞ്ഞുള്ള മേല്‍പ്പുരയാര്‍ന്നും

നാലുപാടും പനമ്പാല്‍ മറച്ചും

ബഞ്ചുകള്‍ മതിയാവാതെ തിക്കും

പിഞ്ചു പൈതങ്ങളാര്‍ത്തും തിമിര്‍ത്തും

ചാണകം തേച്ച മണ്‍ തറയിന്മേല്‍

നീളവേ പായ്തടുക്കിട്ടിരുന്നും "

                          (ഒരു ബസ്സ് യാത്ര )

               'പൊതുവിദ്യാഭ്യാസം പിൻബെഞ്ചിലേക്ക് ' എന്ന തലക്കെട്ടിൽ മാതൃഭൂമി എഡിറ്റോറിയൽ പേജിൽ ലേഖനമെഴുതിയ രാജൻ ചെറുക്കാട്ട്ടക്കമുള്ള കേരളീയർ പഠിച്ച പഴയൊരു പൊതുവിദ്യാലയചിത്രമാണിത്. ഒരു പക്ഷെ, ലേഖകൻ ഇതിലും മെച്ചപ്പെട്ട സാഹചര്യത്തിലായിരിക്കാം പഠിച്ചത്. ഇന്ന് നമ്മുടെ പൊതുവിദ്യാലയങ്ങളുടെ മുഖച്ഛായ തന്നെ മാറി. ചാണകം തേച്ച മണ്‍തറയും പായ്തടുക്കും ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളായി.വികേന്ദ്രീകൃതാസൂത്രണത്തിന്റെ ഇടപെടൽ പൊതുവിദ്യാലയങ്ങളിൽ ആവോളം അനുവദിച്ചു. പിൻബെഞ്ചിലിരുന്നു തോല്ക്കാൻ മാത്രം വിധിക്കപ്പെട്ടവരെ ജയിപ്പിക്കാനുള്ള പ്രവർത്തനം മാതൃകാപരമായിതന്നെ കേരളം നടത്തി.കച്ചവട വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാർഥികളെ എത്തിക്കാനുള്ള തത്രപ്പാടിൽ മാതൃഭൂമി എല്ലാം മറക്കുകയായിരുന്നു.
              "താജ്മഹൽ നിർമ്മിച്ച ഷാജഹാന്റെ പേര് പഠിക്കുന്ന കുട്ടികൾക്ക് സ്വന്തം സ്കൂളിൽ ഉച്ചക്കഞ്ഞിയുണ്ടാക്കുന്ന ആളുടെ പേരറിയാത്തത്‌ വലിയ തെറ്റാണെന്ന് വരുത്തി." എന്തൊരു ആവേശത്തോടെയുള്ള പരിഹാസം. രാജൻ ചെറുക്കാട്ടിന്റെ ലേഖനത്തിൽ നിന്നാണിത്. തന്റെ സ്കൂളിൽ കഞ്ഞി വെക്കുന്ന ജാന്വേടത്തിയുടെ പേരറിയുന്നതിനോടുള്ള ലേഖകന്റെ പുച്ഛം വരികളിൽതെളിഞ്ഞു കാണാം.ഷാജഹാന്റെ പേര് ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തിയതല്ലേ. ജാന്വേടത്തി അങ്ങനെയാണോ? ദേശീയ പ്രസ്ഥാനങ്ങളുടെ ആശയപരമായ ഊർജത്തിൽ പിറവിയെടുത്ത മാതൃഭൂമി ഈ ലേഖനം പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് തങ്ങളുടെ ചരിത്രത്തിലേക്കൊന്നു ഊളിയിട്ടിറങ്ങേണ്ടതായിരുന്നു. "വിദ്യാഭ്യാസം പണവും പദവിയും നേടുന്നതിനുള്ള ഒരു ഉപായമെന്ന നിലയ്ക്കാണ് ആളുകൾ കാണുന്നത്.മോചനമരുളുന്നതെന്തോ അതാണ്‌ വിദ്യാഭ്യാസം.
             ഗാന്ധിയൻ സാഹിത്യത്തിൽനിന്നു ഇനിയും ഉദ്ധരിക്കാവുന്നതാണ്  പ്രകൃതിയെ അറിയുന്ന വിദ്യാഭ്യാസത്തെക്കുറിച്ച് എഴുതിയ ഗാന്ധിജിയുടെ രചനകൾ മാതൃഭൂമിയുടെ ലൈബ്രറിയിൽ  ഇന്നും മാറാല പിടിച്ചു കിടപ്പുണ്ടാവും. 'വേലയിൽ വിളയുന്ന വിദ്യാഭ്യാസമാണ് ' പഴയ പാഠ്യപദ്ധതിയിൽ ഇതെഴുന്നയാൾ പഠിച്ച ആദ്യത്തെ ഗാന്ധിയൻ പാഠം.സ്വന്തം സ്കൂളിൽ ഉച്ചക്കഞ്ഞി വക്കുന്ന ആളുടെ പേരറിഞ്ഞില്ലെങ്കിലെന്തു എന്നെഴുതുന്നതിനു മുൻപ് ഗാന്ധിജിയുടെ ദർശനമെങ്കിലും ഒർക്കാമായിരുന്നു.സ്വകാര്യവല്ക്കരണ വിദ്യാഭ്യാസ നയങ്ങൾക്ക് കുട പിടിക്കാനുള്ള തിടുക്കത്തിൽ സ്വന്മതം പത്രത്തിന്റെ ചരിത്രം മറന്നു പോകരുതായിരുന്നു.
            വലിയൊരു സാക്ഷര സമൂഹമായി കേരളം മാറിയത് കൊണ്ടാണ് പത്രങ്ങളുടെ സർക്കുലേഷൻ ഇത്രയും കൂടിയത്. ഇവിടുത്തെ പൊതുവിദ്യാഭ്യാസത്തിൽ പഠിച്ച വായനക്കാർ കൂടിയത് എന്ന സംശയം ആരെങ്കിലും ഉന്നയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയുമോ? അല്ല സി ബി എസ് ഇ , ഐ സി എസ് ഇ വിദ്യാഭ്യാസത്തിൽ പഠിച്ചിറങ്ങിയ കേമൻമാർ മാത്രമാണോ മാതൃഭൂമിയുടെ വായനക്കാർ?
            കേരളത്തിൽ നിലവിലുള്ള പാഠ്യപദ്ധതി, ബോധന രീതികൾ , പഠനപ്രവർത്തനങ്ങൾ , പരീക്ഷ ഇതൊക്കെ വിമർശനാതീതമാണെന്ന നിലപാടിൽ നിന്നുകൊണ്ടല്ല ഇതെഴുതുന്നത്. അനേക കാലത്തെ സമരങ്ങളിലൂടെ കേരളം നേടിയെടുത്ത മുൻബഞ്ചിലേക്കു കൊണ്ടുവരുന്ന അജണ്ടയിൽ നിന്നുകൊണ്ടുള്ള വിമര്ശനം പൊതുവിദ്യാഭ്യ്യാസത്തെ നന്നാക്കാനുള്ളതല്ല എന്ന് മാത്രമേ പറയാനുള്ളൂ.
           1996 ൽ ആരംഭിച്ച പാഠ്യപദ്ധതി പരിഷ്കരണം എന്നും വിവാദങ്ങളിലൂടെയാണ് മുന്നോട്ടു പോയിട്ടുള്ളത്. സി ബി എസ് ഇ , ഐ സി എസ് ഇ വിദ്യാഭ്യാസത്തോടൊപ്പം നയപരമായി ഉറച്ചുനില്ക്കുന്ന വലതുപക്ഷ നിരയ്ക്ക് പൊതുവിദ്യാഭ്യ്യാസം തെരഞ്ഞെടുപ്പുകാലത്തെ വിഷയം മാത്രമായിരുന്നു.മാതൃഭൂമിയും മനോരമയും ഇത്തരം ചർച്ചകൾക്ക് എന്നും നേതൃത്വം കൊടുത്തിരുന്നു.96 വരെ കേരളത്തില നിലനിന്നിരുന്ന പാഠ്യപദ്ധതിയും ബോധനരീതികളും കേരളത്തില വരുത്തിയ മാറ്റങ്ങളെ വിമർശനാത്മകമായി വിലയിരുത്തിക്കൊണ്ടാണ് പുതിയ സമീപനങ്ങൾ വരുന്നത്.സാമൂഹ്യനീതി ഉറപ്പു വരുത്തുന്ന കാര്യത്തില എന്തൊക്കെ പരിശ്രമങ്ങളാണ് കേരളം നടപ്പിലാക്കിയത് എന്ന് ചരിത്രപരമായി അന്വേഷിക്കുമ്പോൾ മാത്രമേ പുതിയ പാഠ്യപദ്ധതിയുടെ സൈദ്ധാന്തിക അടിത്തറ മനസ്സിലാക്കാൻ കഴിയൂ.
         1994-95 ൽ മലപ്പുറം, കാസർഗോഡ്‌, വയനാട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസരംഗത്തെ ഭൌതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് ഡി പി ഇ പി പദ്ധതി ആരംഭിക്കുന്നത്. 1998 ൽ പാലക്കാട് , ഇടുക്കി , തിരുവനന്തപുരം എന്നീ ജില്ലകളിലേക്ക് കൂടി ഇത് വ്യാപിപ്പിച്ചു.വിദ്യാലയങ്ങളിലെ ഭൌതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് ഈ ഘട്ടത്തിൽ ശ്രമിച്ചത്‌.വിദ്യാഭ്യാസരംഗത്തെ സ്വകാര്യവല്ക്കരണ നയങ്ങൾക്കെതിരെ രാജ്യത്ത് വലിയ വിമർശനങ്ങൾ ഉയർന്നുവന്ന സന്ദർഭം തന്നെയാണിത്.ലേഖകൻ ഉദ്ധരിക്കുന്ന കേരള ശാസ്ത്ര പരിഷത്തിന്റെ ലഘുലേഖയിലെ ആശയവും ഇതേ പ്രതികരണത്തിൽ നിന്നുണ്ടായതാണ്."വിദ്യാഭ്യാസരംഗത്ത് വളരെയേറെ മുന്നോട്ടുപോയിട്ടുള്ള കേരളത്തെ സംബന്ധിച്ചിടത്തോളം പുത്തൻ നയങ്ങൾ വലിയ അപകടമാണ് വരുതിവക്കുക.നേടിയതെല്ലാം നഷ്ടപ്പെടുന്ന സ്ഥിതിയിലാണ്  നാമിപ്പോൾ"

       'ILLICIT'     
      Painting by zerobabu 

     Acrylic on canvas

സീറോബാബു

പറമ്പിൽ എൽ പി സ്കൂൾ

കഥ
'മൈമുനത്ത്. സി. പി.നാലാം തരം
കെ രജിത്ത്

       മൈമുന എന്റെ കൂട്ടുകാരിയാണ്‌. എന്നെക്കാൾ മിടുക്കിയും സുന്ദരിയുമാണവൾ. എന്റെ അച്ഛനും അമ്മയ്ക്കും എന്നെക്കാളിഷ്ടം അവളോടാണെന്നു എനിക്ക് ചിലപ്പോഴെങ്കിലും തോന്നാറുണ്ട്. അച്ഛൻ പലപ്പോഴും പറയാറുണ്ട്‌ അമ്മു നീ മൈമുനത്തിനെ കണ്ടു പഠിക്കു എന്ന്. മൈമുനയ്ക്ക് അച്ഛൻ പുസ്തകങ്ങൾ കൊടുക്കാറുണ്ട്. അമ്മുനു പുസ്തകങ്ങൾ കൊടുത്തിട്ട് കാര്യമില്ലെന്നാ അച്ഛൻ പറയാറ്.
       മൈമുനയ്ക്ക് എപ്പോഴും തിരക്കാ.  രാവിലെ എഴുന്നെല്ക്കണം,മുറ്റമടിച്ചു വാരണം, മദ്രസയിൽ പോകണം, പിന്നെ സ്കൂളിലേക്ക്, സ്കൂൾ വിട്ടു വന്നാലോ ആട്ടിന് പുല്ലു പറിക്കണം. ഉമ്മയെ സഹായിക്കണം, അനിയനെയും അനിയത്തിയെയും നോക്കണം, എന്നാലും നാലാം തരത്തിലെ മിടുക്കി മൈമുനയാ.അസ്സംബ്ലിയിൽ മൈമുന ഡയറി വായിക്കാറുണ്ട്. വിശ്വൻ മാഷ്‌  മൈമുനയ്ക്ക് സമ്മാനങ്ങളായി പുസ്തകങ്ങൾ നല്കും.

     ഇന്ന് മദ്രസയും സ്കൂളും ഇല്ലായിരുന്നു.ഞാൻ ഉമ്മാന്റെ കൂടെ വിലാതപുരത്ത്‌ പോയി. അവിടെ കനാലിനു മുകളിലൂടെ നടക്കാൻ നല്ല രസാ, വെള്ളാരം കല്ലുകൾക്കിടയിൽ മൂന്ന് പുള്ളിമുട്ടകൾ കണ്ടു. ഇതു പക്ഷിയുടെതാണെന്നു നസീർക്കാനോട് ചോദിക്കാൻ മറന്നു. ഇത് മൈമുനയുടെ ഡയറിയാണ്. ഇങ്ങനെയൊന്നും എനിക്ക് എഴുതാൻ അറിയില്ല . രാവിലെ എഴുന്നേറ്റു ചായ കുടിച്ചു. സ്കൂളിൽ പോയി. ഇങ്ങനെയാ ഞങ്ങളെല്ലാം ഡയറി എഴുതാറ്.

   "അമ്മുക്കുട്ട്യെന്താ ഇന്നലെ സ്കൂളിൽ വരാഞ്ഞേ.." മൈമുന എന്നോട് ചോദിച്ചു. അമ്മുക്കുട്ടീന്നാ അവൾ എന്നെ വിളിക്കുക. അന്നപൂർണ്ണ എന്ന് മുഴുവനായി വിളിക്കുന്നത്‌ വിശ്വൻ മാഷ്‌ മാത്രാ.
     "മൈമുനയെ ഞാൻ റബ്ബർ തോട്ടത്തിന്റെ വളവിലൊരിടത്ത് കാത്തു നില്ക്കുകയായിരുന്നു."
     "ഇന്നലെ ഗുരുവായൂർ പോയതാ.."
     "ഇഞ്ഞി ശ്രീകൃഷ്ണനെ കണ്ടോ അമ്മുക്കുട്ട്യേ.."മൈമുന ചോദിച്ചു.
അവൾക്കു കൃഷ്ണനെ വല്യ ഇഷ്ടാ.

     ഞങ്ങൾ റബ്ബർ മരങ്ങൾക്കിടയിലൂടെ നടന്നു വരികയായിരുന്നു. താഴെ ഒരുപാടിറക്കത്തിൽ റബ്ബറിന്റെ തോട്ടം നീണ്ടു പോകുന്നുണ്ട് . ജോണിയേട്ടന്റെ തോട്ടമാ.തോട്ടത്തിൽ എവിടെയെങ്കിലും ജോണിയെട്ടനെ കാണാറുണ്ട്‌.ഇഷ്ടത്തോടെ പല വിശേഷങ്ങളും ചോദിക്കാറുണ്ട്. കാറിൽ വച്ചാണ് കാണുന്നതെങ്കിൽ കൈ വീശി കാണിക്കും.ചോക്കൊബാറും ചോക്കലേറ്റും തരാറുണ്ട്.
     "മൈമുനത്ത് സി പി ഇവിടെ വരൂ.."
സ്കൂളിന്റെ ഗേറ്റിൽ വിശ്വൻ മാഷ്‌. എല്ലാവരെയും മാഷ്‌ അങ്ങനെയാണ് വിളിക്കുക. മൈമുനത്ത് സി പി. അന്നപൂർണ്ണ എസ് വി , സുലൈഖ ഒ. പി.എന്നിങ്ങനെ.
   "നിന്റെ ഡയറിക്കുറിപ്പുകൾ  പുസ്തകമാക്കുകയാ " മൈമുനയുടെ കവിളിൽ തട്ടി വിശ്വൻ മാഷ്‌ പറഞ്ഞു.

"ഞാനെഴുതിയതോ ? " മൈമുനയ്ക്ക് വിശ്വാസം വന്നില്ല.
" നീ ഞങ്ങളുടെ സുൽത്താനയല്ലെ.."വിശ്വൻ മാഷ്‌ ചിരിച്ചു. മൈമുനയുടെ പുസ്തകം ഇറങ്ങാൻ പോകുന്നതറിഞ്ഞപ്പോൾ സുബൈർക്കാക്ക് സന്തോഷം അടക്കാനായില്ല.മൈമുനയുടെ ബാപ്പയാ സുബൈർക്ക, നാലുവരെയേ പഠിച്ചിട്ടുള്ളൂ.
"അന്നൊക്കെ എന്ത് പഠിത്തം. തിന്നാൻ തന്നെ ഒന്നും കിട്ടൂല്ല." എന്നാണു സുബൈർക്ക പറയാറ്.
"മൈമുനയെ പഠിപ്പിച്ചു നല്ല ഒരു ടീച്ചറാക്കും ഞമ്മള് "സുബൈർക്കാന്റെ മോഹമാണത് .
സുബൈർക്ക ചിരിക്കുന്നത് കാണണം. പല്ലുകൾ മുറുക്കിയും ബീഡി വലിച്ചും കറുത്തുപോയിരിക്കുന്നു. ബീഡി വലിക്കുന്നത് മൈമുന കണ്ടാൽ പിന്നെ  നല്ല കോളായിരിക്കും.
ടീവീല് കാൻസർ വന്ന ആളുകളെ കാണാറുണ്ട്‌. മുഖവും ചുണ്ടുമെല്ലാം വികൃതമായ ആളുകൾ.
റബ്ബർ തോട്ടത്തിലൂടെ നടന്നു പോകുമ്പോൾ മൈമുന ഒന്നും മിണ്ടിയില്ല.നിനക്കെന്തു പറ്റി എന്ന് ചോദിച്ചപ്പോൾ അവൾ കണ്ണ് തുടച്ചു. "എന്റെ ആട്ടിൻ കുട്ടിക്ക് തീരെ ബയ്യ.നെലബിളി തന്നെ. പാവം . ഉപ്പ എന്തൊക്കെയോ പച്ച മരുന്ന് കൊടുത്തുനോക്കി. ഒരു മാറ്റോം ഇല്ല."
"സാരമില്ല . എല്ലാം മാറും." അവളെ സമാധാനിപ്പിച്ചു.
പിറ്റേന്ന്  അസ്സംബ്ലിയിൽ മൈമുന വായിച്ചത് അവളുടെ ആട്ടിൻകുട്ടിയുടെ വിശേഷങ്ങളാണ്.കണ്ണുകൾ തുറിച്ചു ആരെയോ കണ്ടു പേടിച്ചപോലെ നിലവിളിക്കുന്ന ആട്ടിൻ കുട്ടിയുടെ സങ്കടവർത്താനങ്ങൾ ഞങ്ങൾ കേട്ടുനിന്നു.

പിറ്റേന്ന് പതിവുപോലെ വഴിയിൽ കാത്തുനിന്നു.മൈമുന വന്നില്ല.സ്കൂളിലെത്തിയപ്പോൾ വിശ്വൻമാഷ് മൈമുനയെ അന്വേഷിച്ചു.
"മൈമുനയുടെ പുസ്തകം തിങ്കളാഴ്ച പുറത്തിറങ്ങും.അവളോട്‌ പറഞ്ഞേക്ക്." വിശ്വൻമാഷ് പറഞ്ഞു.
വൈകുന്നേരം  മൈമുനയെ തേടി അവളുടെ വീട്ടിൽ ചെന്നു. "ഉമ്മാ,മൈമുനയെവിടെ?" മുറ്റത്തു നിന്ന് വിളിച്ചു ചോദിച്ചു.
"ഓള് രാവിലെ സ്കൂളിൽ പോയതാണല്ലോ..അമ്മു മോളിന്നു പോയില്ലേ?" ഉമ്മ ചോദിച്ചു.
"ഞാൻ സ്കൂളിന്നു വര്വാ. മൈമുന വരാത്തതുകൊണ്ട് ഇതിലെ വന്നതാ.."

"റബ്ബേ മൈമുന പിന്നെ എവിടെ പോയി? " ഉമ്മ നെഞ്ചത്തടിച്ചു നിലവിളിക്കാൻ തുടങ്ങി.
മൈമുനയെ കാണാനില്ല.വാർത്ത നാടുമുഴുവൻ വേദനയോടെ പരന്നു.
രാത്രി   അച്ഛൻ  വരാൻ  കുറെ  വൈകിയിരുന്നു.മൈമുനയെ കണ്ടോ അച്ഛാ?
"ഇല്ല മോളെ, അവളുടെ പുസ്തകങ്ങൾ വഴിയില എവിടെയോ കണ്ടെന്നു പറയുന്നത് കേട്ടു."
അച്ഛൻ കണ്ണ് തുടയ്ക്കുന്നത് കണ്ടു.
രാവിലെ റബ്ബർ തോട്ടത്തിലേക്ക് ഓടിചെല്ലുമ്പോൾ നിറയെ ആളുകൾ കൂടി നില്ക്കുന്നുണ്ടായിരുന്നു.മൈമുനയെ കാത്തുനിൽക്കാറുള്ള ഞങ്ങളുടെ വഴിയിൽനിന്നു കുറച്ചകലെ , കുറ്റിക്കാടുകൾക്കിടയിൽ മൈമുന കിടക്കുന്നുണ്ടായിരുന്നു.അവളുടെ അടഞ്ഞുകിടന്ന കണ്ണുകൾക്ക്‌ മുകളിലൂടെ ഉറുമ്പുകൾ അരിച്ചു നടക്കുന്നു.കീറിപ്പറിഞ്ഞ അവളുടെ ഉടുപുടവകളിൽ അവിടവിടെ വൃത്തികെട്ട വലിയ ഈച്ചകൾ മുരളുന്നു. അവളുടെ മുഖത്ത് എപ്പോഴും തെളിയാറുള്ള നുണക്കുഴികൾ അങ്ങനെത്തന്നെയുണ്ട്‌ , മായാതെ.


കെ രജിത്ത്
ആയഞ്ചേരി എൽ പി സ്കൂൾ